(www.thalasserynews.in)സംസ്ഥാനത്ത് അടിസ്ഥാന സൗകര്യവികസനത്തില്‍ 62,000 കോടിയുടെ വികസനം കിഫ്ബി പദ്ധതികള്‍ വഴി കൊണ്ടുവരാനായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബി ഫണ്ടില്‍ പിണറായി ഗ്രാമപഞ്ചായത്തിലെ ഉമ്മന്‍ചിറ പുഴയ്ക്ക് കുറുകെ നിര്‍മ്മിച്ച ചേക്കൂ പാലം റെഗുലേറ്റര്‍ കം ബ്രിഡ്ജ് (ആര്‍.സി.ബി) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
2017ലെ ബജറ്റില്‍, വരള്‍ച്ച പ്രതിരോധത്തിന് വേണ്ടി പുഴകളെ തന്നെ റിസര്‍വോയറുകളായി മാറ്റാന്‍ അനുയോജ്യമായ സ്ഥലങ്ങളില്‍ 30 റെഗുലേറ്ററുകള്‍ കിഫ്ബി ഫണ്ടിംഗിലൂടെ നടപ്പിലാക്കാന്‍ പ്രഖ്യാപിച്ചിരുന്നു. അതില്‍ ഒന്നാണ് ഇവിടെ യാഥാര്‍ഥ്യമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.


അഞ്ചരക്കണ്ടി പുഴയുടെ കൈവഴി ആയ ഉമ്മഞ്ചിറ പുഴയില്‍ പിണറായി, എരഞ്ഞോളി പഞ്ചായത്തുകളെ ബന്ധിപ്പിച്ചാണ് റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മിച്ചിരിക്കുന്നത്. 36.77 കോടി രൂപയാണ് പദ്ധതിക്ക് വേണ്ടി ചെലവിട്ടത്.
48 മീറ്റര്‍ നീളത്തില്‍ റഗുലേറ്ററും ഇരുവശത്തും 42 മീറ്റര്‍ പാലവും അപ്രോച്ച് റോഡും ഇതിന്റെ ഭാഗമാണ്. മൂന്നര കിലോമീറ്റര്‍ നീളത്തില്‍ ഇരു കരയിലും കയര്‍ ഭൂവസ്ത്രമുപയോഗിച്ച് സംരക്ഷണ ബണ്ടും മത്സ്യ കൃഷിക്കായി 12 സ്ലൂയിസുകളും സജ്ജമാക്കിയിട്ടുണ്ട്്. രണ്ടര മീറ്റര്‍ ഉയരത്തില്‍ വെള്ളം ശേഖരിക്കാന്‍ പറ്റുന്ന വിധം വൈദ്യുതിയില്‍ പ്രവര്‍ത്തിപ്പിക്കുന്ന മെക്കാനിക്കല്‍ ഷട്ടറുകളോട് കൂടിയതാണ് റെഗുലേറ്റര്‍. 3.50 കിലോമീറ്ററോളം നീളത്തില്‍ ജലസംഭരണം സാധ്യമാവും. എരഞ്ഞോളി, പിണറായി പഞ്ചായത്തുകളിലെ കുടിവെള്ള ദൗര്‍ലഭ്യത്തിനും ഉപ്പുവെള്ളം കയറിയുള്ള കൃഷി നാശത്തിനും ശാശ്വത പരിഹാരമാണ് ഈ പദ്ധതി. പദ്ധതി പ്രവര്‍ത്തന സജ്ജമായതോടെ 1360 ഏക്കറില്‍ കൃഷി ഇറക്കാനാവും.
തലശ്ശേരി വഴി കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡായ തലശ്ശേരി-അഞ്ചരക്കണ്ടി റോഡിലെ കാലപ്പഴക്കം വന്ന ചേക്കൂ പാലത്തിനു പകരം പുതിയ പാലം വേണ്ടതിനാല്‍ റെഗുലേറ്ററിനു മുകളില്‍ പാലം കൂടി നിര്‍മിച്ചിട്ടുണ്ട്. കൊയിലാണ്ടി, വടകര ഭാഗത്തുള്ളര്‍ക്കും തലശ്ശേരി വഴി കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചേരാന്‍ പറ്റിയ റോഡാണിത്. ഭാവിയില്‍ വിമാനത്താവള റോഡ് നാലുവരി ആക്കുമ്പോള്‍ രണ്ടു വരി പാത ഇതിനു മുകളിലൂടെ ആണ് പോവുക.
ജലവിഭവ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനാണ് നിര്‍മ്മാണ ചുമതല നിര്‍വഹിച്ചത്. പൗലോസ് ജോര്‍ജ് കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയത്.
ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷനായി. നിയമസഭാസ്പീക്കര്‍ അഡ്വ. എ.എന്‍. ഷംസീര്‍ മുഖ്യാതിഥിയായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. കെ രത്നകുമാരി, കെഐഐഡിസി സിഇഒ എസ് തിലക്, പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെകെ രാജീവന്‍, എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി ശ്രീഷ, ജില്ലാ പഞ്ചായത്ത് അംഗം കോങ്കി രവീന്ദ്രന്‍, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ആര്‍ വസന്തന്‍ മാസ്റ്റര്‍, എരഞ്ഞോളി ഗ്രാമപഞ്ചായത്ത് അംഗം കെ കെ ഷക്കീല്‍, പിണറായി ഗ്രാമപഞ്ചായത്ത് അംഗം പി ജസ്ന, ഇറിഗേഷന്‍ ആന്‍ഡ് അഡ്മിനിസ്ട്രേഷന്‍ ചീഫ് എന്‍ജിനീയര്‍ ബിനോയ് ടോമി ജോര്‍ജ്, രാഷ്ട്രീയകക്ഷി നേതാക്കളായ കെ. ശശിധരന്‍, സി. എന്‍ ചന്ദ്രന്‍, വി. എ നാരായണന്‍, ജോയ് കൊന്നക്കല്‍, കെ.കെ ജയപ്രകാശ്, ആര്‍. കെ. ഗിരിധര്‍, എന്‍.പി താഹിര്‍ എന്നിവര്‍ സംസാരിച്ചു.
Chief Minister Pinarayi Vijayan said that Rs 62,000 crore has been allocated through KIFB for infrastructure development in the state; Pinarayi dedicated the Chekkupalam Regulator-cum-Bridge to the nation.