(www.thalasserynews.in)നിയമന അംഗീകാരവും ശമ്പളവുമായി ബന്ധപ്പെട്ട് വാരം യുപി സ്‌കൂളിലെ അധ്യാപകർ നൽകിയ പരാതിയിൽ അന്വേഷണത്തിന് നേരിട്ടെത്തി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. തിങ്കൾ രാവിലെ മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ കെട്ടിട ഉദ്ഘാടന ചടങ്ങിനെത്തിയ മന്ത്രിക്ക് ഇ അഞ്ജു, അർജുൻ സതീഷ്, സി ശുഭ എന്നീ അധ്യാപകരാണ് സങ്കട ഹർജി നൽകിയത്.


ഒമ്പതുവർഷമായി എയ്‌ഡഡ് സ്കൂളിൽ ജോലിചെയ്യുന്നുണ്ടെന്നും നിയമനമോ, ശമ്പളമോ ലഭിക്കുന്നില്ലെന്നായിരുന്നു പരാതി. 2017ലാണ് ശുഭ ജോലിയിൽ പ്രവേശിച്ചത്. അഞ്ജുവും അർജുനും 2018ലും. പരാതി വാങ്ങിയ മന്ത്രി വിഷയം അന്വേഷിക്കാൻ കണ്ണൂർ നോർത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നേരിട്ടെത്തി. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഡി ഷൈനി, എഇഒ ഇബ്രാഹിംകുട്ടി രയരോത്ത് എന്നിവരോട് വിവരങ്ങൾ അന്വേഷിച്ചു. വിഷയത്തിൽ ഒരാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്നും ആവശ്യപ്പെട്ടു.
നിയമന കാര്യത്തിന് ഓഫീസുമായി പലതവണ ബന്ധപ്പെട്ടെന്നും ഉദ്യോഗസ്ഥർ ഓരോതവണയും പലന്യായങ്ങൾ പറഞ്ഞ് തിരിച്ചയക്കാറാണ് പതിവെന്നും പരാതിക്കാർ പറഞ്ഞു. സ്‌കൂൾ മാനേജ്മെൻ്റിന്റെ ഭാഗത്തുൾപ്പെടെ വീഴ്‌ചയുണ്ടായിട്ടുണ്ടോ എന്നകാര്യംകൂടി അന്വേഷിക്കുമെന്ന് മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Teachers say they have not received their salaries for 9 years; Minister V Sivankutty pays a surprise visit to Kannur North AEO office, instructs to submit a report within a week