(www.thalasserynews.in)താമരശ്ശേരി ചുരത്തില്‍ മണ്ണിടിഞ്ഞ് റോഡ് തടസ്സപ്പെട്ടതിനെ തുടര്‍ന്നുള്ള ഗതാഗത നിയന്ത്രണം ബുധനാഴ്ച രാവിലെയും തുടരും. കോഴിക്കോട്-വയനാട് റൂട്ടിലെ ഗതാഗതം കുറ്റ്യാടി ചുരത്തിലൂടെ മാത്രമായിരിക്കും നടക്കുക. ചൊവ്വാഴ്ച രാത്രിമുതല്‍ ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണത്തെ തുടര്‍ന്ന് വാഹനങ്ങള്‍ തിരിച്ചുവിട്ടതോടെ കുറ്റ്യാടി ചുരത്തില്‍ പുലര്‍ച്ചെ നാലുമണിവരെ മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്.


കുറ്റ്യാടിയിലും വയനാട് നിരവില്‍പുഴയിലും ഭാരം കയറ്റിയ വലിയ വാഹനങ്ങള്‍ ബ്ലോക്ക് ചെയ്തതോടെയാണ് ഗതാഗതക്കുരുക്കിന് അയവ് വന്നത്. നിലവില്‍ കര്‍ണാടകയിലേക്കും വയനാട്ടിലേക്കും കെഎസ്ആര്‍ടിസി ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കുറ്റ്യാടി ചുരം വഴിയാണ് കടന്നുപോകുന്നത്. ഇടയ്ക്കിടെയുള്ള സമയങ്ങളില്‍ ചെറിയ രീതിയില്‍ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്.
ചൊവ്വാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് നാടിനെയൊന്നാകെ ആശങ്കയിലാക്കിയ അപകടമുണ്ടായത്. താമരശ്ശേരി ചുരത്തില്‍ വ്യൂപോയിന്റിന് സമീപമാണ് കൂറ്റന്‍ പാറക്കല്ലുകളും മണ്ണും മരങ്ങളും ഇടിഞ്ഞുവീണത്. വ്യൂ പോയിന്റില്‍ റോഡിന് ഇടതുവശത്തെ പാറക്കെട്ടുകള്‍ നിറഞ്ഞ ഭാഗത്തുനിന്ന് കൂറ്റന്‍ പാറകളും മണ്ണും മരങ്ങളുമെല്ലാം ഇടിഞ്ഞ് ദേശീയപാതയിലേക്ക് പതിക്കുകയായിരുന്നു.
മീറ്ററുകളോളം ഉയരത്തില്‍ വലിയതോതില്‍ മണ്ണും പാറകളും മരങ്ങളും റോഡിലേക്ക് വന്നടിഞ്ഞതോടെ ചുരത്തില്‍ ഇരുദിശകളിലേക്കും കാല്‍നടയാത്രപോലും സാധ്യമാകാത്തതരത്തില്‍ ഗതാഗതം പൂര്‍ണമായി നിലച്ചു. തുടര്‍ന്ന് ചുരം റോഡ് അടച്ച് ഗതാഗതം പൂര്‍ണമായി നിരോധിച്ചു. ബുധനാഴ്ചകല്ലും മണ്ണും നീക്കംചെയ്ത്, പരിശോധന നടത്തി അപകടമില്ലെന്ന് ഉറപ്പുവരുത്തിയശേഷമേ തുറന്നുകൊടുക്കുകയുള്ളൂ
Landslide at Thamarassery Pass; traffic restrictions, proceed via Kuttiadi Pass.