തലശ്ശേരി : തലശ്ശേരി–കൂർഗ് അന്തർസംസ്ഥാന ഹൈവേ നവീകരണം അടിയന്തരമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടു കര്‍ണാടക മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കി സണ്ണി ജോസഫ് എം എല്‍ എ


തലശ്ശേരി–കൂർഗ് അന്തർസംസ്ഥാന ഹൈവേയുടെ ദുരവസ്ഥയില്‍ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു കര്‍ണാടക മുഖ്യമന്ത്രിക്ക് കത്ത് നൽകിപേരാവൂർ എം.എൽ.എ അഡ്വ. സണ്ണി ജോസഫ്.
കൂട്ടുപുഴ പാലം മുതൽ പെരുമ്പാടി വരെയുള്ള 19 കിലോമീറ്റർ റോഡ് ഭാഗം അപകടകരമായ അവസ്ഥയിലാണ്. 17.3 കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും 10.6 കിലോമീറ്റർ പദ്ധതിയിൽ വെറും 4 കിലോമീറ്റർ (₹6 കോടി) മാത്രമാണ് പൂർത്തിയായത്. റോഡിന്റെ മോശം അവസ്ഥ കാരണം നിരവധി അപകടങ്ങൾ നടന്നതായും കഴിഞ്ഞ ആറുമാസത്തിനിടെ രണ്ട് ലോറി ഡ്രൈവർമാർ മരിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ റോഡിന്റെ നവീകരണം വ്യാപാരത്തിനും വിനോദസഞ്ചാരത്തിനും മാത്രമല്ല, യാത്രക്കാരുടെ സുരക്ഷയ്ക്കും അനിവാര്യമാണെന്ന് എം.എൽ.എ സണ്ണി ജോസഫ് തന്റെ കത്തിൽ വ്യക്തമാക്കി.
റോഡിന്റെ നവീകരണം വേഗത്തിലാക്കുക, പെരുമ്പാടി കഴിഞ്ഞുള്ള 3 കിലോമീറ്റർ ഭാഗത്തിന് ടെൻഡർ നടപടികൾ പൂർത്തിയാക്കുക, 12.5 കിലോമീറ്റർ ഉൾപ്പെടുന്ന ₹31 കോടി പ്രോജക്ടിന് അംഗീകാരം നൽകുക, അപകടം സൃഷ്ടിക്കുന്ന മരങ്ങൾ നീക്കം ചെയ്യുക, മണ്ണിടിച്ചിൽ പ്രതിരോധ സംവിധാനം ഒരുക്കുക, റോഡിന്റെ വശങ്ങളിൽ ഓവുചാലുകളും സുരക്ഷാ ബാരിക്കേഡുകളും സ്ഥാപിക്കുക എന്നീ കാര്യങ്ങളില്‍ അടിയന്തര ഇടപെടലുകളും കത്തിൽ ആവശ്യപ്പെട്ടു.
ഹസൻ–മടിക്കേരി–വിരാജ്പേട്ട്–കൂട്ടുപുഴ റോഡിനെ ദേശീയപാതയായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും സണ്ണി ജോസഫ് കത്തിൽ ആവശ്യപ്പെട്ടു.
Thalassery-Coorg Interstate Highway renovation should be completed urgently; Sunny Joseph MLA writes to Karnataka Chief Minister