(www.panoornews.in)സ്കൂൾ വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത. ഇനി മുതൽ ഓണം, ക്രിസ്മസ്, റംസാൻ ആഘോഷങ്ങൾ സ്കൂളിൽ ആഘോഷിക്കുമ്പോൾ കുട്ടികൾക്ക് യൂണിഫോം നിർബന്ധമില്ല.
ഇനി മുതൽ ഈ മൂന്ന് പ്രധാന ആഘോഷങ്ങൾ സ്കൂളിൽ ആഘോഷിക്കുമ്പോൾ കുട്ടികൾക്ക് വർണ വസ്ത്രങ്ങൾ ധരിക്കാം. ഇത് സംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കി. മന്ത്രി വി ശിവൻകുട്ടിയാണ് വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ആഘോഷ പരിപാടികൾ നടക്കുമ്പോൾ യൂണിഫോമിൽ ഇളവ് നൽകണമെന്ന് ധാരാളം കുട്ടികൾ ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ചാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.


മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പ്രിയപ്പെട്ട വിദ്യാർത്ഥികളെ, അധ്യാപകരെ, രക്ഷിതാക്കളെ,
വിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾക്ക് യൂണിഫോം നിർബന്ധമാണല്ലോ. എന്നാൽ ഓണം, ക്രിസ്മസ്, റംസാൻ തുടങ്ങിയ ആഘോഷങ്ങൾക്ക് സ്കൂളുകളിൽ പരിപാടികൾ നടക്കുമ്പോൾ യൂണിഫോമിൽ ഇളവ് നൽകണമെന്ന് ധാരാളം കുട്ടികൾ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ന്യായമാണെന്ന് ബോധ്യപ്പെട്ടു.
അതുകൊണ്ട്, ഇനി മുതൽ ഈ മൂന്ന് പ്രധാന ആഘോഷങ്ങൾ സ്കൂളിൽ ആഘോഷിക്കുമ്പോൾ കുട്ടികൾക്ക് യൂണിഫോം നിർബന്ധമില്ല. ഇത് സംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കി. ഇത് വിദ്യാലയ അന്തരീക്ഷത്തിൽ കൂടുതൽ സന്തോഷവും വർണ്ണാഭമായ ഓർമ്മകളും നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
Good news for students; From now on, students can wear colored dresses on festive days, Director of General Education has issued an order.