തളിപ്പറമ്പ : കമ്യൂണിസ്‌റ്റ് പാർടിയുടെ സമരചരിത്രത്തിലെ അവസാനിക്കാത്ത ഏടുകളെ ഓർമിപ്പിക്കുന്ന ചരിത്ര ചിത്രപ്രദർശനം സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം ടി കെ ഗോവിന്ദൻ ഉദ്‌ഘാടനംചെയ്‌തു. തളിപ്പറമ്പിൽ നടക്കുന്ന ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സ്വാഗതസംഘം ഓഫീസിനോട് ചേർന്ന് പ്രത്യേകം സജ്ജമാക്കിയ പ്രദർശനനഗരിയാണ് ചരിത്രത്തിലെ അവിസ്‌മരണീയ ഏടുകളെ അടയാളപ്പെടുത്തുന്ന പ്രദർശനം ഒരുക്കിയത്.


സമ്മേളനത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ചിത്രകാരൻ എബി എൻ ജോസഫ്, ശിൽപി ഉണ്ണി കാനായി തുടങ്ങിയവരുൾപ്പെടെ ജില്ലയിലെ വിവിധ കലാകാരന്മാർ വരച്ച ചിത്രങ്ങളും ശിൽപങ്ങളും പ്രദർശനത്തിന്റെ ഭാഗമായി ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
വാഗൺ ട്രാജഡിയുടെയും ഗാന്ധിജിയെ ഗൊഡ്‌സേ വെടിവെച്ചുകൊല്ലുന്നതിന്റെയും മുലക്കരത്തിനെതിരെ മുലമുറിച്ചുകൊടുത്ത നങ്ങേലിയുടെയും കർഷക പോരാട്ടങ്ങളുടെയും ശിൽപാവിഷ്‌കാരവും ഒരുക്കിയിട്ടുണ്ട്. എകെജി, ഇഎംഎസ്, കോടിയേരി ബാലകൃഷ്‌ണൻ തുടങ്ങിയ മുൻകാല നേതാക്കളുടെയും ശ്രീ നാരായണഗുരുവിന്റെയും ശിൽപവും ആകർഷകമായി ഒരുക്കിയിട്ടുണ്ട്.
ഫെബ്രുവരി മൂന്നുവരെ പ്രദർശനമുണ്ടാകും.ചടങ്ങിൽ ഉണ്ണി കാനായി അധ്യക്ഷത വഹിച്ചു. കെ സന്തോഷ്, ടി ബാലകൃഷ്ണൻ, കെ ദാമോദരൻ, ഒ സുഭാഗ്യം തുടങ്ങിയവർ സംബന്ധിച്ചു.
CPM Kannur District Conference; Historical picture exhibition highlighting the struggle tradition of the Communist Party at Taliparambi