തളിപ്പറമ്പ്: കുന്നരു കാരന്താട്ടെ സിപിഎം പ്രവർത്തകൻ സി വി ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ബിജെപി-ആർഎസ്എസ് മുഴുവൻ പ്രതികളെയും കോടതിയിൽ ചോദ്യം ചെയ്തു.
തളിപ്പറമ്പ് അഡീഷണൽ ജില്ലാ കോടതി ജഡ്ജ് കെ എൻ പ്രശാന്താണ് വിചാരണ നടത്തിയത്. കേസിലെ വിവിധ സാക്ഷികളെയും അന്വേഷണ ഉദ്യോഗസ്ഥരെയും നേരത്തെ കോടതി ചോദ്യം ചെയ്തിരുന്നു. 2160 ചോദ്യങ്ങളാണ് സാക്ഷികളോടും 328 ചോദ്യങ്ങൾ പ്രതിഭാഗത്തോടും ചോദിച്ചത്.
ഇപ്പോൾ പ്രതികളോടായി 6560 ചോദ്യങ്ങളാണ് ചോദിച്ചത്. അക്രമികൾ വെട്ടിപ്പരിക്കേൽപ്പിച്ച ധനരാജിനെ ആശുപത്രിയിലെത്തിച്ച പി വി പ്രജീഷ്, അമ്മ സി വി മാധവി, ധനരാജിന്റെ ഭാര്യ സജിനി, ആശുപത്രിയിലെത്തിക്കുന്നതിന് സഹായിച്ച ടി വി സുനിൽകുമാർ, സാക്ഷികളായ പി പി സജീഷ്, കെ വി സുബീഷ് എന്നിവരും കോടതിയിൽ മൊഴി നൽകി.
ഫോറൻസിക് സർജൻ ഉൾപ്പെടെയുള്ളവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജഡ്ജി പ്രതികളോട് ചോദ്യങ്ങൾ ചോദിച്ചത്. കേസ് അന്വേഷണത്തിനിടെ പിടിച്ചെടുത്ത തെളിവുകളും കാര്യങ്ങളും പ്രതിഭാഗം കോടതിയിൽ സമർപ്പിച്ചു.


2016 ജൂലൈ 11ന് രാത്രിയാണ് ബിജെപി-ആർഎസ്എസ് ക്രിമിനൽ സംഘം ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡ്വ. ടി വി വിനീഷ് ഹാജരായി. 27ന് കേസ് വീണ്ടും പരിഗണിക്കും.
Content Highlight: Dhanaraj Murder Case | 6560 Questions Asked to Accused in Thalipparamba Court












































