(www.thalasserynews.in)വനിതാ സംവരണ ബിൽ പാസാക്കുന്നതിനായി രാജ്യത്തെ സ്ത്രീകൾ എംപിമാർക്ക് കത്തെഴുതണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചു. വികസിത ഇന്ത്യയിലേക്കുള്ള യാത്രയിൽ സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും ബിൽ വൈകിക്കുന്നത് അനീതിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വനിതാ സംവരണ ഭേദഗതി ബിൽ അംഗീകരിക്കാൻ എംപിമാർക്ക് മേൽ സമ്മർദ്ദം ചെലുത്തണമെന്ന് പ്രധാനമന്ത്രി സ്ത്രീകളോട് ആവശ്യപ്പെട്ടു. 2029 മുതൽ ലോക്സഭയിലും നിയമസഭകളിലും സംവരണം നടപ്പിലാക്കുകയാണ് ലക്ഷ്യം. ഇത് ഇനിയും വൈകുന്നത് ദൗർഭാഗ്യകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ബിൽ പാസാക്കാൻ ഇന്ത്യയിലെ മുഴുവൻ സ്ത്രീകളുടെയും അനുഗ്രഹം തേടുന്നതായും, വികസിത ഭാരതത്തിന് സ്ത്രീശക്തി അനിവാര്യമാണെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി.


എന്നാൽ പ്രധാനമന്ത്രി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നു എന്ന ആരോപണം കോൺഗ്രസ് ആവർത്തിച്ചു. സംവരണത്തെ പ്രതിപക്ഷം എതിർക്കുന്നു എന്ന് വരുത്തി തീർക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. വനിത സംവരണത്തെ അല്ല, മണ്ഡല പുനർനിർണ്ണയം ആണ് സർക്കാർ നടപ്പാക്കാൻ നോക്കുന്നതെന്നും കോൺഗ്രസ് പ്രതികരിച്ചു. ഇപ്പോൾ നിർദ്ദേശിച്ച മണ്ഡല പുനർനിർണ്ണയം അംഗീകരിക്കാനാവില്ല എന്നാണ് ഇടതുപക്ഷത്തിന്‍റെയും നിലപാട്. ബില്ലിനെ എതിർക്കാനാണ് സമാജ് വാദി പാർട്ടിയും ആർ ജെ ഡിയും ആലോചിക്കുന്നത്.
മൂന്നിലൊന്നിനെക്കാൾ കൂടുതൽ സ്ത്രീകൾക്ക് ലോക്സഭയിലെത്താൻ അവസരം നല്കിയ തൃണമൂൽ കോൺഗ്രസാണ് വനിത സംവരണം നടപ്പാക്കിയ ഏക പാർട്ടിയെന്ന് മമത ബാനർജി പ്രതികരിച്ചു. ഇതിനിടെ ഇന്നലെ നരേന്ദ്ര മോദി പങ്കെടുത്ത സമ്മേളനത്തിലെ കോൺഗ്രസ് പ്രവർത്തക സമിതി അംഗവും മുൻ സ്പീക്കറുമായ മീരാ കുമാറിന്‍റെ സാന്നിധ്യം ചർച്ചയാകുകയാണ്. വനിത സംവരണത്തിനായി എന്നും വാദിച്ച വ്യക്തി എന്ന നിലയ്ക്കാണ് പങ്കെടുത്തതെന്നാണ് മീരാ കുമാറിന്‍റെ വിശദീകരണം.
അതേസമയം നാളെ മല്ലികാർജ്ജുൻ ഖർഗെയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന പ്രതിപക്ഷ യോഗം പാർലമെൻറ് സമ്മേളനത്തിൽ സ്വീകരിക്കേണ്ട നയം തീരുമാനിക്കും. ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ വരുത്താനിടയാക്കുന്ന ബില്ലുകൾ സമ്മേളനത്തിന് രണ്ടു ദിവസം ബാക്കി നിൽക്കുമ്പോഴും എം പിമാർക്ക് വിതരണം ചെയ്തിട്ടില്ല എന്നതാണ് മറ്റൊരു കാര്യം.
'Write a letter to all MPs'; Modi's decisive move to pass the Women's Reservation Bill, the bill will also create ripples in politics


.gif)






































