(www.thalasserynews.in)മൂന്നാം ബലാത്സംഗ കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് എസ്ഐടി.
അറസ്റ്റിന് ശേഷം നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിലും രാഹുൽ മറുപടി നൽകിയിരുന്നില്ല. ഇന്നലെ കസ്റ്റഡിയിൽ വിട്ടുകിട്ടിയ ശേഷം നടത്തിയ ചോദ്യം ചെയ്യലിലും രാഹുൽ ഒന്നും മിണ്ടിയില്ല. വെറും ചിരി മാത്രമായിരുന്നു മറുപടി.
നിർണായക വിവരങ്ങൾ പലതും രാഹുലിൽ നിന്ന് ലഭിക്കേണ്ടതുണ്ട്. അതിജീവിതയുടെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ രാഹുൽ ഒളിപ്പിച്ചിരിക്കുകയാണ്. ഇതെവിടെയാണെന്നും അറിയണം. എന്നാൽ രാഹുൽ ഒന്നും മിണ്ടാതിരിക്കുകയും നിസഹകരണം തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇക്കാര്യം കോടതിയെ അറിയിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
മറുപടി നൽകാതെ കസ്റ്റഡി കാലാവധി തീർക്കാനാണ് രാഹുലിന്റെ നീക്കമെങ്കിലും നാളെ കോടതിയിൽ ഹാജരാക്കുമ്പോൾ അന്വേഷണ സംഘം കൂടുതൽ ദിവസം ആവശ്യപ്പെട്ടേക്കും.
നിസഹകരണം തുടർന്നാൽ അത് അന്വേഷണത്തെ കാര്യമായി ബാധിക്കുമെന്ന സാഹചര്യത്തിലാണിത്. കേസിൽ രാഹുലിനെ വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
അതേസമയം, കേസിൽ രാഹുലിന്റെ ആദ്യഘട്ട തെളിവെടുപ്പ് പൂർത്തിയായി. പരാതിക്കാരിയെ ബലാത്സംഗം ചെയ്ത തിരുവല്ലയിലെ ക്ലബ്ബ് സെവൻ ഹോട്ടലിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. 20 മിനിറ്റ് മാത്രമായിരുന്നു ഇവിടെ തെളിവെടുപ്പ്.
'The answer is just laughter'; Rahul joins the crowd in not cooperating with questioning





.gif)







































