കതിരൂർ:(www.thalasserynews.in) തലശ്ശേരി നോർത്ത് ഉപജില്ലയിലെ ഏക സർക്കാർ എൽ പി സ്കൂളായപുല്ല്യോട് ഗവ.എൽ.പി.സ്കൂൾ കൂടുതൽ സൗകര്യങ്ങളോടെ മികവിന്റെ കേന്ദ്രമായി മാറുന്നു. സ്കൂളിന് പുതുതായി നിർമ്മിച്ച മൂന്നാം നിലയുടെയും സ്റ്റേജ്, ഓഡിറ്റോറിയം എന്നിവയുടെയും ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഓൺലൈനായി നിർവഹിച്ചു. നിയമസഭ സ്പീക്കർ അഡ്വ എ എൻ ഷംസീർ അധ്യക്ഷനായി.
അടിസ്ഥാന സൗകര്യങ്ങൾ, കമ്പ്യൂട്ടർവൽക്കരണം, കെട്ടിട സമുച്ചയങ്ങൾ, അധ്യാപക നിലവാരം മെച്ചപ്പെടുത്താൻ ആവശ്യമായ പദ്ധതികൾ തുടങ്ങി പൊതുവിദ്യാഭ്യാസ മേഖലയിൽ കാതലായ മാറ്റങ്ങളാണ് വന്നിട്ടുള്ളത് എന്ന് സ്പീക്കർ പറഞ്ഞു. ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം അക്കാദമിക നിലവാരം ഉയർത്താനും കൂടുതൽ പ്രതിഭാശാലികളെ സൃഷ്ടിക്കാനും സ്കൂളിന് സാധിക്കണമെന്ന് സ്പീക്കർ പറഞ്ഞു.


2020 ലാണ് പുല്ല്യട് ഗവ എൽ പി സ്കൂളിന്റെ പുതിയ കെട്ടിട നിർമ്മാണം ആരംഭിച്ചത്. 2019-20 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ ഉപയോഗിച്ച് കെട്ടിടത്തിന്റെ തറ നിലയും ഒന്നാം നിലയും പൂർത്തീകരിച്ചു. 2023-25 സാമ്പത്തിക വർഷ പദ്ധതിയിൽ 142 ലക്ഷം രൂപ അനുവദിച്ചതിൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ ഹാൾ, കെട്ടിടത്തിന്റെ ടോയ്ലറ്റ്, മുറ്റം, കെട്ടിടത്തിൽ നിലവിലുള്ള ഓഡിറ്റോറിയം എന്നിവയുടെ നവീകരണം എന്നീ പ്രവൃത്തികൾ പൂർത്തീകരിച്ചു. 278.70 ചതുരശ്ര മീറ്ററാണ് ഹാൾ വിസ്തീർണ്ണം.
അസിസ്റ്റന്റ് എൻജിനീയർ ഒ ടി രെജുമ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം മുഹമ്മദ് അഫ്സൽ, പാനൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് ടി ടി റംല, കതിരൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി സനിൽ, പി ഡബ്ല്യു ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷാജി തയ്യിൽ, തലശ്ശേരി നോർത്ത് ഉപജില്ലാ എ ഇ ഒ എ പ്രശാന്ത്, കണ്ണൂർ ഡയറ്റ് ലക്ചറർ അനുപമ ബാലകൃഷ്ണൻ, തലശ്ശേരി നോർത്ത് ബി പി സി ചന്ദ്രമോഹൻ, റിട്ട. ഡയറ്റ് ഫാക്കൽറ്റി എ രവീന്ദ്രൻ, ഹെഡ്മിസട്രസ് കെ ശ്രീജ, വാർഡ് അംഗം എ വേണുഗോപാലൻ, പി ടി എ പ്രസിഡന്റ് കെ അതുല്യ, പുത്തലത്ത് സുരേഷ് ബാബു, എൻ ഹരീന്ദ്രൻ, സി സജീവൻ, ചെറിയാണ്ടി ബഷീർ, കെ.വി രജീഷ് തുടങ്ങിയവർ പങ്കെടുത്തു.
Kathiroor Pullyodu Govt.LP School gets a new face; Third floor, stage and auditorium inaugurated