കണ്ണൂർ :(www.thalasserynews.in)വനിതാദിനത്തിൽ സ്ത്രീകൾക്കായി മലപ്പുറത്തേക്കുൾപ്പെടെ മാർച്ചിൽ വിവിധ ടൂർ പാക്കേജുകൾ തയ്യാറാക്കി കെ.എസ്.ആർ.ടി.സി. കണ്ണൂർ ഡിപ്പോ.
എട്ടിന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് നിലമ്പൂർ തേക്ക് മ്യൂസിയം, കനോലി പ്ലോട്ട്, ബംഗ്ലാവ് കുന്ന് എന്നിവിടങ്ങൾ സന്ദർശിച്ച് വൈകീട്ട് മലപ്പുറ ത്തെ മിസ്റ്റിലാൻഡ് പാർക്കിലെ ത്തുന്ന രീതിയിലാണ് സ്ത്രീകൾക്കു മാത്രമായുള്ള പാക്കേജ് ഒരുക്കിയിട്ടുള്ളത്.


ഭക്ഷണവും, എൻട്രൻസ് ഫീയും, ഗ്ലാസ് ബ്രിഡ്ജ് ചാർജും ഉൾപ്പെടെയാണ് പാക്കേജ്. അന്നേ ദിവസം തന്നെ രാവിലെ 5.45-ന് പുറപ്പെട്ട് വയനാട് പഴശ്ശി സ്മൃതിമണ്ഡപം, കുറുവ ദ്വീപ്, അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രം, കാരാപ്പുഴ ഡാം എന്നിവ സന്ദർശിച്ച് രാത്രി 10-ന് കണ്ണൂരിൽ തിരിച്ചെത്തുന്ന മറ്റൊരു പാക്കേജുമുണ്ട്. ഏഴ്, 21 തീയതികളിൽ കൊല്ലൂർ മൂകാംബിക ക്ഷേത്ര പാക്കേജിൽ കുടജാദ്രി, ഉഡുപ്പി, മധൂർ, അനന്തപുര ക്ഷേത്രദർശനവും, ബേക്കൽ കോട്ട സന്ദർശനവും ഉൾപ്പെടുത്തിയിട്ടുണ്ട്. 21-ന് പുറപ്പെടുന്നവർക്ക് രഥോത്സവം കാണാനുള്ള അവസരവും ലഭിക്കും. ഏഴ്, 21 തീയതികളിൽ മൂന്നാർ ട്രിപ്പും ഉണ്ടാകും. 14, 29 തീയതികളിലെ ഗവി പാക്കേജിൽ കുമളി, കമ്പം, രാമക്കൽ മേട്, തേക്കടി എന്നിവിടങ്ങൾ സന്ദർശിക്കാനാകും.
കോഴിക്കോട് കടലുണ്ടി പക്ഷിസങ്കേതത്തിലൂടെയുള്ള വഞ്ചിസവാരി, കാപ്പാട് ബീച്ച്, ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ് എന്നിവ ഉൾപ്പെടുത്തി ഒൻപത്, 23 തീയതികളിൽ കടലുണ്ടിയാത്രയുമുണ്ട്. സീ ഫുഡ്, വഞ്ചി സവാരി എന്നിവ ഈ പാക്കജിന്റെ ഭാഗമാണ്. 15-ന് രാവിലെ 5.30-ന് പുറപ്പെട്ട് കൊച്ചിയിൽ അഞ്ച് മണിക്കൂർ ക്രൂസിൽ സഞ്ചരിച്ച് 16-ന് തിരിച്ചെത്തുന്ന ആഡംബര നൗകയാത്ര നെഫർറ്റിറ്റി പാക്കേജും ഈ മാസമുണ്ട്. ഫോൺ: 9497007857 8089463675.
Malappuram package exclusively for women on Women's Day; KSRTC Kannur depot prepares different tour packages at a low cost