#Thalassery #ConcreteWork #Heavy Rain
തലശേരി: (www.thalasserynews.in)കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച് കനത്ത മഴ മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ തലശേരി നഗരത്തിൽ തുടരുന്ന റോഡ് കോൺക്രീറ്റ് പ്രവൃത്തി വിവാദമാകുന്നു. ശക്തമായ മഴയെ അവഗണിച്ചുകൊണ്ട് മണവാട്ടി ജംഗ്ഷനിൽ കോൺക്രീറ്റ് പ്രവൃത്തി തകൃതിയായി നടക്കുന്നതാണ് യാത്രക്കാരിലും വ്യാപാരികളിലും ആശങ്കയും പ്രതിഷേധവും ഉയർത്തിയിരിക്കുന്നത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി തലശേരി നഗരത്തിലും പരിസര പ്രദേശങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുന്നുണ്ട്. ഇതിനിടെയാണ് ശനിയാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചത്. മഴയിൽ റോഡുകളിലും ഓവുചാലുകളിലും വെള്ളക്കെട്ട് രൂപപ്പെടുന്ന സാഹചര്യത്തിലും നിർമാണ പ്രവർത്തനം നിർത്തിവയ്ക്കാത്തതാണ് നാട്ടുകാരെ അമ്പരപ്പിക്കുന്നത്.
കോൺക്രീറ്റ് ചെയ്ത ഭാഗങ്ങൾ ടാർപായ ഉപയോഗിച്ച് മൂടുകയും, അതിനുള്ളിലേക്ക് മഴവെള്ളം കയറുമ്പോൾ തൊഴിലാളികൾ ബക്കറ്റുകൾ ഉപയോഗിച്ച് വെള്ളം കോരി പുറത്തേക്ക് ഒഴുക്കുകയും ചെയ്ത ശേഷമാണ് പ്രവൃത്തി തുടരുന്നത്. കനത്ത മഴയിൽ ഇത്തരം രീതിയിൽ നടത്തുന്ന കോൺക്രീറ്റ് പ്രവൃത്തിയുടെ ഗുണനിലവാരത്തെക്കുറിച്ച് വ്യാപാരികളും യാത്രക്കാരും ഗുരുതരമായ ആശങ്കയാണ് ഉന്നയിക്കുന്നത്.
കാലവർഷം ശക്തമാകുമെന്ന മുന്നറിയിപ്പുകൾ നേരത്തെ തന്നെ ഉണ്ടായിരുന്നിട്ടും, എന്തുകൊണ്ടാണ് മഴക്കാലത്ത് തന്നെ കോൺക്രീറ്റ് പ്രവൃത്തി ആരംഭിച്ചതെന്ന് വ്യാപാരികൾ ചോദിക്കുന്നു. മഴയിൽ കോൺക്രീറ്റ് ചെയ്യുന്നത് നിർമാണത്തിന്റെ ദൈർഘ്യത്തെയും ഉറപ്പിനെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും അവർ പങ്കുവെക്കുന്നു.


പ്രവൃത്തിയുടെ ഗുണനിലവാരത്തെക്കുറിച്ചും മഴക്കാലത്ത് നിർമാണം നടത്തുന്നതിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ചും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും കരാറുകാരോടും വ്യാപാരികൾ വിശദീകരണം തേടിയെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ലെന്നാണ് പരാതി.
എന്തുവിലകൊടുത്തും നിശ്ചിത സമയത്തിനുള്ളിൽ പണി പൂർത്തിയാക്കാനുള്ള കരാറുകാരന്റെ തിടുക്കമാണ് മഴയെ അവഗണിച്ചുള്ള നിർമാണത്തിന് പിന്നിലെന്നാണ് വ്യാപാരികളുടെ ആരോപണം. പൊതുപണം ചെലവഴിച്ച് നടത്തുന്ന വികസന പ്രവർത്തനങ്ങളിൽ ഗുണനിലവാരത്തിന് മുൻഗണന നൽകണമെന്നും, മഴക്കാലത്ത് നടക്കുന്ന ഇത്തരം പ്രവൃത്തികൾക്ക് അധികൃതർ കർശനമായ മേൽനോട്ടം ഉറപ്പാക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു.
Content Highlight: Road concrete work continues in Thalassery despite heavy rain, traders and passengers protest













































