(www.panoornews.in)സിപിഐഎം തോറ്റതോടെ ആശങ്കയിലാണെന്ന് പയ്യന്നൂരില്‍ പൊലീസിനുനേരെ ബോംബെറിഞ്ഞ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ടി സി വി നന്ദകുമാറിന്റെ കുടുംബം. എല്ലാം പാര്‍ട്ടി നോക്കുമെന്നാണ് കരുതിയിരുന്നതെന്നും എന്നാല്‍ ഇപ്പോള്‍ ഭയമുണ്ടെന്നും നന്ദകുമാറിന്റെ ഭാര്യ ശരണ്യ ഫേസ്ബുക്കില്‍ കുറിച്ചു.
20 വര്‍ഷത്തേക്കാണ് നന്ദകുമാറിനെ ശിക്ഷിച്ചത്. ഇതേ കേസില്‍ ശിക്ഷിക്കപ്പെട്ട വി കെ നിഷാദ് പയ്യന്നൂര്‍ നഗരസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചിരുന്നു.
സിപിഐഎമ്മിന്റെ ഉറച്ച കോട്ടയായിരുന്ന പയ്യന്നൂരിലെ പരാജയം തനിക്കേല്‍പ്പിച്ച അരക്ഷിതാവസ്ഥയെക്കുറിച്ച് ഏറെ വൈകാരികമായ കുറിപ്പാണ് ശരണ്യ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.


"വലിയ പാരമ്പര്യമുള്ള പാർട്ടി ഫാമിലിയൊന്നുമല്ല എന്റേത്. അമ്പലവും വിശ്വാസവുമെല്ലാം തന്നെയായിരുന്നു ഞങ്ങളുടെ ജീവിതം.
പയ്യന്നൂർ കോളേജും നന്ദേട്ടനുമാണ് എന്നെ എസ് എഫ് ഐയാക്കിയത്. കല്യാണം കഴിഞ്ഞ ശേഷമാണ് പാർട്ടിയായത്.
കഴിഞ്ഞ നാല് ദിവസമായിട്ട് എന്തു ചെയ്യണമെന്നറിയാത്ത സങ്കടത്തിലാണ്. പയ്യന്നൂരിൽ പാർട്ടി തോറ്റിരിക്കുന്നു. പറഞ്ഞറിയിക്കാൻ കഴിയാത്ത വല്ലാത്ത അവസ്ഥയിലാണ് മനസ്സ്. അറിഞ്ഞറിഞ്ഞു വരുമ്പോൾ നേതൃത്വം തന്നെ പിന്നിൽ നിന്ന് കുത്തിയതാണെന്ന് ഉറപ്പാവുന്നു.
പേടിയാവുന്നു. എന്തു വിശ്വസിച്ചിട്ടാണ് ഞങ്ങളിനി ജീവിക്കേണ്ടത്. നന്ദേട്ടനും നിഷാദേട്ടനും അഞ്ചു മാസമായി ജയിലിലാണ്. എല്ലാം പാർട്ടി നോക്കുമെന്നായിരുന്നു, ഇതു വരെ വിചാരിച്ചത്. പക്ഷേ.., ഇപ്പോ പേടിയാണ്.
അതിന് കാരണവുമുണ്ട്. കഴിഞ്ഞ മാസം ശിക്ഷിക്കപ്പെട്ട തിമിരി സഖാക്കൾ ജാമ്യത്തിലിറങ്ങിയിട്ട് ഒരാഴ്ചയായി. രണ്ടു ദിവസം മുമ്പ് ശിക്ഷിക്കപ്പെട്ട ഒരു കേസിലെ സഖാക്കൾക്കും ജാമ്യം കിട്ടി. നന്ദേട്ടനും നിഷാദേട്ടൻ ജയിലിൽ തന്നെ. ശരിക്കും പേടിയാവുന്നു." എന്നാണ് ശരണ്യ ഫേസ്ബുക്കിൽ കുറിച്ചത്.
പാര്‍ട്ടി സ്ഥാനാര്‍ഥിയെ ഗ്രൂപ്പ് കളിച്ച് തോല്‍പ്പിക്കാനാകുമെങ്കില്‍ ഇതിനും അവര്‍ക്ക് കഴിയും. കേസ് കുറെയുണ്ട്. അതെല്ലാം തന്റെ ഭര്‍ത്താവ് ഉണ്ടാക്കിയത് പാര്‍ട്ടിക്ക് വേണ്ടിയാണ്. ഇനി തങ്ങളുടെ ഭാവി എന്താകുമെന്നും ശരണ്യ പോസ്റ്റിലൂടെ ആശങ്ക പ്രകടിപ്പിച്ചു.
പൊലീസിന് നേരെ ബോംബറിഞ്ഞ കേസില്‍ ജയിലില്‍ കഴിയുന്ന നേതാവാണ് ടിസിവി നന്ദകുമാര്‍. ജാമ്യത്തിനായി ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
എന്നാല്‍ അഭിഭാഷകനോട് ജാമ്യം പതിയെ മതിയെന്ന് ഏരിയാ നേതാക്കള്‍ നിര്‍ദേശിച്ചെന്നാണ് പാര്‍ട്ടി ഗ്രൂപ്പുകളിലെ ചര്‍ച്ച. ഈ പശ്ചാത്തലത്തിലാണ് ശരണ്യ നന്ദകുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ് പുറത്തുവന്നത്.
Content Highlight: The party lost in Payyannur, now it is afraid, the leadership was stabbed from behind'; Wife of Nandakumar, who is in jail in the case of throwing bombs at the police, accusing the CPM.















































