തലശ്ശേരി: (www.thalasserynews.in)കൊടുവള്ളി റെയില്‍വേ മേല്‍പ്പാലത്തിന്റെ അടിവശത്ത് ഫുഡ് സ്ട്രീറ്റ് സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കും.ഇതു സംബന്ധിച്ച് നിയമസഭാ സ്പീക്കര്‍ എ. എന്‍. ഷംസീറിന്റെ അദ്ധ്യക്ഷതയില്‍ സ്പീക്കറുടെ ചേംബറില്‍ ചേര്‍ന്ന് യോഗത്തിലാണ് തീരുമാനമെടുത്തത്.
കൊടുവള്ളി റെയില്‍വേ ഗേറ്റിനോട് ചേര്‍ന്ന് അടഞ്ഞ ഭാഗത്ത് മേല്‍പ്പാലത്തിന്റെ കീഴില്‍ ഫുഡ് സ്ട്രീറ്റ് നിര്‍മ്മിക്കുന്നതിന് തലശ്ശേരി ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ് കമ്മിറ്റിക്ക് കേരള പ്രൊഫഷണല്‍ നെറ്റ് വര്‍ക്ക് തലശ്ശേരി ചാപ്റ്റര്‍ സമര്‍പ്പിച്ച പ്രൊപ്പോസല്‍ അംഗീകരിച്ചതായി പൊതുമരാമത്തും വിനോദസഞ്ചാരവും വകുപ്പുമന്ത്രി പി. എ. മുഹമ്മദ് റിയാസ് അറിയിച്ചു.


പ്രോജക്ടിന്റെ കണ്‍സെപ്ടും ഡിസൈനും സ്പീക്കറുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി അര്‍ജ്ജുന്‍ എസ്. കെ. അവതരിപ്പിച്ചു.
യുവജനങ്ങള്‍ക്ക് ക്രിക്കറ്റ്, ഫുട്ബാള്‍ മത്സരങ്ങള്‍ വീക്ഷിക്കുന്നതിനും സംഗീതപരിപാടി അവതരിപ്പിക്കുന്നതിനുമുള്ള പൊതുവിടമായി ഈ ഭാഗം മാറുമെന്നും തലശ്ശേരിയുടെ നൈറ്റ്‌ലൈഫിന്റെ സാധ്യത പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നും അഭിപ്രായമുയര്‍ന്നു.
മേല്‍പ്പാലങ്ങളുടെ അടിവശം സൗന്ദര്യവല്‍ക്കുന്നതുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പ് നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമാണ് ഈ പ്രോജക്ടെന്നും പബ്ലിക് അഡ്രസിംഗ് സിസ്റ്റം ഇവിടെയുണ്ടാകണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
ഉപയോഗശൂന്യമായ ഇത്തരം ഇടങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഉപയുക്തമാകുന്ന നിലയില്‍ പ്രയോജനപ്പെടുത്തുന്ന ടൂറിസം വകുപ്പിന്റെ നടപടി അങ്ങേയറ്റം അഭിനന്ദനാര്‍ഹമാണെന്ന് സ്പീക്കര്‍ പറഞ്ഞു.
പൊതുമരാമത്ത് വകുപ്പുമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി അജിത്ത് ലാല്‍, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി റ്റി. മനോഹരന്‍ നായര്‍ എന്നിവരും പങ്കെടുത്തു.
Food street to be set up under Koduvally railway overpass