(www.thalasserynews.in)വാട്‌സ്ആപ്പ് മെസേജുകള്‍ അയക്കുമ്പോള്‍ ഗ്രാമര്‍ തെറ്റുകള്‍ വരുമോ എന്ന ഭയം ഇനി വേണ്ട. വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ വടിവൊത്ത ഭാഷയിലാക്കി മാറ്റുന്ന എഐ അധിഷ്‌ഠിത റൈറ്റിംഗ് ഹെല്‍പ് (Writing Help) ഫീച്ചര്‍ മെറ്റ അവതരിപ്പിച്ചു. ഈ ഫീച്ചര്‍ വാട്‌സ്ആപ്പ് ഉപഭോക്താക്കള്‍ക്ക് ലഭ്യമായിത്തുടങ്ങി. പ്രൈവറ്റ് പ്രൊസസ്സിംഗ് സാങ്കേതികവിദ്യയിലുള്ള ഈ സംവിധാനം ആരുടെയെങ്കിലും മെസേജുകള്‍ കോപ്പി ചെയ്യുകയോ സ്വകാര്യതയെ ഹനിക്കുകയോ ചെയ്യില്ലെന്നും മെറ്റ അറിയിച്ചു.
വാട്‌സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍
ഇനി മുതല്‍ വാട്‌സ്ആപ്പില്‍ വ്യക്തികള്‍ക്കോ ഗ്രൂപ്പുകളിലോ ഒരു മെസേജ് ടൈപ്പ് ചെയ്യുമ്പോള്‍ പേന ഐക്കണ്‍ കാണാനാകും. നിങ്ങളൊരു മെസേജ് ടൈപ്പ് ചെയ്‌ത് തുടങ്ങിയാല്‍ ഈ പെന്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ നിര്‍ദ്ദേശങ്ങളടങ്ങുന്ന വരികളുള്ള ഒരു പോപ്അപ്പ് ഉയര്‍ന്നുവരും. ഇതില്‍ നിന്ന് നിങ്ങളുടെ ഏറ്റവും ഉചിതമെന്ന് തോന്നുന്ന വാചകം സെലക്‌ട് ചെയ്യുക. ഇതോടെ ഈ മെസേജ്, നിങ്ങള്‍ നേരത്തെ ടൈപ്പ് ചെയ്‌തുവച്ച മെസേജിനെ റീപ്ലേസ് ചെയ്യും.
വാട്‌സ്ആപ്പില്‍ ടൈപ്പ് ചെയ്യുമ്പോള്‍ വാക്കുകള്‍ കിട്ടാണ്ട് വരികയോ വാചകം പൂര്‍ത്തിയാക്കാന്‍ കഴിയാതിരിക്കുകയോ ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ ഈ ഫീച്ചര്‍ ഗുണകരമാകും. മാത്രമല്ല, വാട്‌സ്ആപ്പ് മെസേജിന്‍റെ അര്‍ഥം മാറിപ്പോകുമോ, അതല്ലെങ്കില്‍ ഗ്രാമര്‍ തെറ്റുകളും അക്ഷരത്തെറ്റുകളുമുണ്ടാകുമോ എന്നിങ്ങനെയുള്ള ആശങ്കകളും ഒഴിവാക്കാം.
സ്വകാര്യത അപകടത്തിലോ?
ഉപയോക്താക്കള്‍ ടൈപ്പ് ചെയ്യുന്ന മെസേജുകള്‍ക്ക് പകരം സജഷന്‍സ് പോപ്അപ്പായി കാണിക്കുന്നത് കൊണ്ടുതന്നെ ഈ സന്ദേശങ്ങളെല്ലാം മെറ്റ വായിക്കുന്നുണ്ടോ എന്ന ആശങ്ക പലര്‍ക്കും കാണും. എന്നാല്‍ പ്രൈവറ്റ് പ്രോസസ്സിംഗ് ടെക്‌നോളജി ഉപയോഗിച്ചാണ് റൈറ്റിംഗ് ഹെല്‍പ് ഫീച്ചര്‍ തയ്യാറാക്കിയിരിക്കുന്നത് എന്ന് മെറ്റ പറയുന്നു. മെറ്റ എഐയാണ് ഈ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുന്നതെന്നും ടൈപ്പ് ചെയ്‌ത മെസേജോ, നിര്‍ദ്ദേശങ്ങളോ വാട്‌സ്ആപ്പോ, മെറ്റയോ വായിക്കുന്നില്ലെന്നും കമ്പനി അവകാശപ്പെട്ടു.
ഈ പ്രൈവറ്റ് പ്രോസസ്സിംഗ് ടെക്‌നോളജി എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് മനസിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി വിശദമായ എഞ്ചിനീയറിംഗ് ബ്ലോഗ് വാട്‌സ്ആപ്പ് തയ്യാറാക്കിയിട്ടുണ്ട്. സ്വതന്ത്ര സൈബര്‍ സുരക്ഷാ വിദഗ്‌ധര്‍ പരിശോധിച്ച് ഉറപ്പുവരുത്തിയ സാങ്കേതികവിദ്യയാണ് പ്രൈവറ്റ് പ്രോസസ്സിംഗ് ടെക്‌നോളജി എന്നും മെറ്റ അറിയിച്ചു.
WhatsApp messages are no longer misspelled; 'Writing Help' has arrived to help you write correctly, how to use it?