(www.thalasserynews.in)ബ്രണ്ണൻ മലയാളം സമിതിയുടെ അഞ്ചാമത് മണിമല്ലിക സ്മാരക സാഹിത്യപുരസ്കാരം ഷനോജ് ആർ ചന്ദ്രൻ്റെ 'കാലൊടിഞ്ഞ പുണ്യാളൻ എന്ന ചെറുകഥാസമാഹാരത്തിന്. പതിനയ്യായിരം രൂപയും പ്രശസ്ത ശില്പി ഹരീന്ദ്രൻ ചാലാട് രൂപകല്പന ചെയ്ത ശില്പവുമാണ് പുരസ്കാരം. പ്രശസ്ത നിരൂപകരും എഴുത്തുകാരുമായ എൻ. സന്തോഷ്കുമാർ, ഡോ.നിഷി ലീലാ ജോർജ്ജ്, ടി.കെ. ഉമ്മർ എന്നിവരാണ് വിധികർത്താക്കൾ. നാല്പത്തിമൂന്നോളം കഥാസമാഹാരങ്ങളിൽ നിന്നാണ് ഈ കൃതി തെരഞ്ഞെടുത്തത്.
ധർമ്മടം ഗവ.ബ്രണ്ണൻ കോളേജ് മലയാള വിഭാഗത്തിൻ്റെ പൂർവ വിദ്യാർത്ഥി കൂട്ടായ്മയാണ് ബ്രണ്ണൻ മലയാളം സമിതി. പൂർവവിദ്യാർത്ഥിനിയും അദ്ധ്യാപികയുമായിരുന്ന മണിമല്ലികയുടെ സ്മരണാർത്ഥം അവരുടെ ജീവിതപങ്കാളി, പാലക്കാട് ബി ഇ എം ഹൈസ്‌കുളിൽ പ്രധാനാദ്ധ്യാപകനായി വിരമിച്ച വി ഗോപാലൻ മാസ്റ്റർ ഏർപ്പെടുത്തിയതാണ് ഈ പുരസ്‌കാരം. യഥാക്രമം കഥ, നോവൽ, വിമർശനം, കവിത എന്നീ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന കൃതികൾക്ക് മുൻവർഷങ്ങളിൽ പുരസ്കാരം നല്കിയിട്ടുണ്ട്.


നവംബർ പതിനേഴിന് രാവിലെ 10ന് തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ് മലയാള വിഭാഗത്തിൽ നടക്കുന്ന ചടങ്ങിൽ പ്രശ്‌സ്‌ത എഴുത്തുകാരി ആർ. രാജശ്രീ പുരസ്‌കാരം സമ്മാനിക്കും. ഡോ. എൻ. ലിജി മുഖ്യപ്രഭാഷണം നടത്തും.
കണ്ണൂർ സർവകലാശാലയിലെ മലയാളം ബിരുദാനന്തര പരീക്ഷകളിൽ ഉയർന്ന മാർക്കു നേടിയ വിദ്യാർത്ഥികൾക്കുള്ള മണിമല്ലിക സ്മാരക വിദ്യാഭ്യാസ പുരസ്കാരങ്ങളും അന്ന് സമ്മാനിക്കും. ഗവ.ബ്രണ്ണൻ കോളേജ് വിദ്യാർത്ഥികളായ കെ.നന്ദന, പി.അഞ്ജുശ്രീ, സഞ്ജയ് ഷാജി എന്നിവരാണ് വിദ്യാഭ്യാസപുരസ്കാര ജേതാക്കൾ.
വാർത്താ സമ്മേളനത്തിൽ ബ്രണ്ണൻ മലയാളം സമിതി പ്രസിഡണ്ടും എഴുത്തുകാരനുമായ വി.എസ്. അനിൽകുമാർ,സെക്രട്ടറി ഡോ.എൻ. ലിജി, ജോ.സെക്രട്ടറി ഡോ. കെ.വി.മഞ്ജുള എന്നിവർ പങ്കെടുത്തു
The Brennan Malayalam Committee's fifth Mani Mallika Memorial Literary Award went to Shanoj R. Chandran's 'Kalodinja Punyalan'



.gif)








































