(www.thalasserynews.in) വിദ്യാർത്ഥികള്‍ കാത്തിരിക്കുന്ന കീം 2025 (കേരള എന്‍ജിനീയറിങ് ആര്‍കിടെക്ചര്‍ മെഡിക്കല്‍ എന്‍ട്രന്‍സ് എക്‌സാം) റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവാണ് കോഴിക്കോട്ട് ഫലപ്രഖ്യാപനം നടത്തിയത്.
എന്‍ജിനീയറിങ്ങിൽ എറണാകുളം മൂവാറ്റുപുഴ സ്വദേശി ജോൺ ഷിനോജിനാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് എറണാകുളം ചെറായി സ്വദേശി ഹരികൃഷ്ണൻ ബൈജുവും മൂന്നാം റാങ്ക് കോഴിക്കോട് കാക്കൂർ സ്വദേശി അക്ഷയ് ബിജുവും നേടി.
മാർക്ക് ഏകീകരണത്തിൽ വിദഗ്ധ സമിതി നൽകിയ ശുപാർശ മന്ത്രിസഭ അംഗീകരിച്ചതോടെയാണ് ഫലം പുറത്തുവന്നത്. ശുപാർശകളിൽ സർക്കാർ അന്തിമ തീരുമാനമെടുക്കാതിരുന്നതോടെ കീം ഫലം വൈകിയിരുന്നു. സംസ്ഥാന സിലബസില്‍ പഠിച്ച വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് നഷ്ടപ്പെടാത്ത വിധം തമിഴ്‌നാട് മാതൃകയിൽ മാര്‍ക്ക് ഏകീകരണം നടപ്പാക്കാൻ മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു.
86,549 പേരാണ് ആകെ പരീക്ഷ എഴുതിയത്. 76,230 പേരാണ് യോഗ്യത നേടിയത്. യഥാസമയം മാർക്ക് വിവരം സമർപ്പിച്ചവരെ ഉൾപ്പെടുത്തി 67,705 പേരുടെ എഞ്ചിനീയറിങ് റാങ്ക് ലിസ്റ്റാണ് തയ്യാറാക്കിയിരിക്കുന്നത്. ഫാർമസി എന്‍ട്രന്‍സ് വിഭാഗത്തില്‍ 33,425 പേര് പരീക്ഷ എഴുതി. 27,841 പേര് റാങ്ക് ലിസ്റ്റിലുണ്ട്.
The wait for students is over; 2025 KEEM rank list published