(www.thalasserynews.in)താമരശ്ശേരിയിൽ വിദ്യാർത്ഥി സംഘർഷത്തിനിടെ പത്താം ക്ലാസുകാരൻ മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷത്തിന് പുറമെ വിദ്യാഭ്യാസ വകുപ്പും അന്വേക്ഷിക്കും.
വിശദമായ വകുപ്പുതല അന്വേഷണം നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി. സംഭവം ഏറെ ദുഃഖകരമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.


കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. ഇക്കാര്യത്തിൽ പൊലീസ് ശക്തമായ അന്വേഷണം നടത്തുന്നുണ്ട്. കോഴിക്കോട് വിദ്യാഭ്യാസ ഉപ ഡയറക്ടർ ഇക്കാര്യം അന്വേഷിക്കുകയും പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ഏറെ ഗൗരവകരമായ സംഭവമാണെന്നും കുട്ടികളിലെ അക്രമ വാസനയില്‍ സംസ്ഥാന തല പഠനം നടത്തുമെന്നും ബാലാവകാശ കമ്മീഷന്‍ പ്രതികരിച്ചു.
വിദ്യാർത്ഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന 16 കാരൻ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകൻ മുഹമ്മദ് ഷഹബാസാണ് മരിച്ചത്. താമരശ്ശേരി വെഴുപ്പൂർ റോഡിലെ ട്രിസ് ട്യൂഷൻ സെന്ററിന് സമീപം വ്യാഴാഴ്ച വൈകിട്ട് ആയിരുന്നു വിദ്യാർഥികൾ ഏറ്റുമുട്ടിയത്.
Education Department to investigate Shahbaz's death; Child Rights Commission says children's tendency to violence will be studied