(www.thalasserynews.in)ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ വിരാട് കോലിയുടെ സെഞ്ചുറി കരുത്തില്‍ പാകിസ്ഥാനെ തകര്‍ത്ത് സെമി ഉറപ്പിച്ച് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത് പാകിസ്ഥാന്‍ ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 4 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 43 ഓവറില്‍ മറികടന്നു.


51-ാം ഏകദിന സെഞ്ചുറി നേടിയ വിരാട് കോലി 100 റണ്‍സുമായി പടനയിച്ചപ്പോള്‍ 56 റണ്‍സടിച്ച ശ്രേയസ് അയ്യരും 46 റണ്‍സടിച്ച ശുഭ്മാന്‍ ഗില്ലും ഇന്ത്യക്കായി തിളങ്ങി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 20 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ എട്ട് റണ്‍സെടുത്ത് മടങ്ങി. മൂന്ന് റണ്‍സുമായി അക്സര്‍ പട്ടേല്‍ കോലിക്കൊപ്പം വിജയത്തില്‍ കൂട്ടായി.
നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്‍ 49.4 ഓവറില്‍ 241 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. 62 റണ്‍സെടുത്ത സൗദ് ഷക്കീലാണ് പാകിസ്ഥാന്‍റെ ടോപ് സ്കോറര്‍. ബാബര്‍ അസം 23 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ മുഹമ്മദ് റിസ്‌വാന്‍ 46 റണ്‍സടിച്ചു. ഇന്ത്യക്കായി കുല്‍ദീപ് യാദവ് മൂന്നും ഹാര്‍ദ്ദിക് പാണ്ഡ്യ രണ്ടും വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ അക്സര്‍ പട്ടേലും രവീന്ദ്ര ജഡേജയും ഹര്‍ഷിത് റാണയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യക്കായി കുല്‍ദീപ് യാദവ് 10 ഓവറില്‍ 40 റണ്‍സിന് 3 വിക്കറ്റെടുത്തപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ 8 ഓവറില്‍ 31 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.
ജയത്തോടെ ഇന്ത്യ ചാമ്പ്യൻസ് ട്രോഫി സെമി ഉറപ്പിച്ചപ്പോള്‍ പാകിസ്ഥാന്‍ സെമി കാണതെ പുറത്താകുന്നതിന്‍റെ വക്കിലായി. അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമെ പാകിസ്ഥാന് ഇനി സെമിയിലെത്താനാകു.
സ്കോര്‍: പാകിസ്ഥാന്‍ 49.4 ഓവറില്‍ 241ന് ഓള്‍ ഔട്ട്, ഇന്ത്യ 42.3 ഓവറില്‍ 244-4
India triumphs in the Champions Trophy; crushes Pakistan to reach semi-finals